Tuesday 18 October 2016

പുസ്തക പരിചയം: ഹെര്‍ബേറിയം



ഹെര്‍ബേറിയം - നോവല്‍ 
സോണിയാ റഫീഖ് 
വില: 210 രൂപ 
പേജുകള്‍ : 232  

                            2016ലെ ഡിസി നോവല്‍ പുരസ്‌കാരം നേടിയ സോണിയ റഫീഖ് ന്റെ ‘ഹെര്‍ബേറിയം ‘ പ്രകാശന ദിനം തന്നെ വാങ്ങി വായിച്ചു തീര്‍ത്തു. ദത്താപഹാര ത്തിലൂടെ ഫ്രെഡി റോബര്‍ട്ടിനെ സൃഷ്ടിച്ച  വി ജെ ജെയിംസ് ആണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഫ്രെഡിയെ പോലെ ഇതിലെ ഫാത്തിമയും ഭൗതിക ലോകത്ത് നിന്ന് അപ്രത്യക്ഷയാകുന്നത് യാദൃഛികതയാവാം. ഫ്രെഡിയെ കാടകം വിഴുങ്ങിയപ്പോ ഫാത്തിമയെ മണലാരണ്യം വിഴുങ്ങി. ഫാത്തിമ പക്ഷേ ടിപ്പുവിലൂടെ പുനര്‍ജനിക്കുന്നുണ്ട്. ടിപ്പുവിനും അമ്മാളുവിനും ഒപ്പം വായനയില്‍ ഞാനും ആ കാവിലെത്തി. ഫ്രെഡിയോടൊപ്പം അന്ന് കാട്ടിലെത്തി മടങ്ങാന്‍ അറച്ച പോലെ ഒറ്റയിരുപ്പിന് വായിക്കാന്‍ ഈ പുസ്തകം വല്ലാതെ പ്രേരിപ്പിച്ചു. പ്രകൃതിയോട് ഇണങ്ങാന്‍ അങ്കുവാമയോടൊപ്പം ചേരാന്‍ ടിപ്പു നമ്മെ വല്ലാതുണര്‍ത്തി. രോഗാവസ്ഥയുടെ മൂര്‍ധന്യത്തിലും അന്‍വര്‍ ഹീറോ ആയി വായന അവസാനിപ്പിക്കുമ്പോള്‍ അടുത്തിടെ ഏറ്റവും ഹൃദയം നിറച്ച വായന എന്ന് അടിവരയിടാതെ വയ്യ.



                           അവരിലെ ചൈതന്യമാണ് എന്റെ ദര്‍ശനം എന്ന് പറഞ്ഞ് ആരണ്യാന്തര ഗഹ്വരോദര തപസ്ഥാനങ്ങളില്‍ പ്രപഞ്ച പരിണാമ സര്‍ഗ ക്രിയയുടെ സാരം തേടിയലഞ്ഞ ഋഷീശ്വരന്മാരെ ആദരിക്കുന്ന സംസ്‌കാരത്തില്‍ നാം അഭിമാനം കൊള്ളുമ്പൊഴും അതിന്റെ ചിഹ്നങ്ങളെ സംരക്ഷിക്കാന്‍ ഇവിടെ അമേരിക്കക്കാരി ജൂലിയ ഉണര്‍ത്തേണ്ടി വന്നു. അടിമുടി പാശ്ചാത്യനായി മാറുമ്പോഴും അടിക്കടി അവരെ കുറ്റപ്പെടുത്താന്‍ നാം മറക്കാറില്ലല്ലോ?
                              ഒരു കൃതിയെ വിലയിരുത്തുമ്പോള്‍ ഭാഷയെ ഗണിക്കാതെ വയ്യ. എന്തൊരു ചാരുതയാര്‍ന്ന ഭാഷ! ആസിഫ് കണ്ടെടുക്കുന്ന ഫാത്തിമയുടെ കുറിപ്പുകള്‍ ഹൃദയം കവരുന്നതാണ്. പ്രപഞ്ചത്തെ ഒരു കുട്ടിയുടെ തുറന്ന കണ്ണിലൂടെ നോക്കിക്കാണുന്ന പുസ്തകമാണിത്. കുട്ടികള്‍ക്ക് മാത്രമേ അത്രേം തുറന്ന കണ്ണുകള്‍ ഉള്ളൂ, മതാന്ധത ഇല്ലാത്ത, കക്ഷി രാഷ്ട്രീയ ചേരുതിരിവില്ലാത്ത കണ്ണുകള്‍. മാരിവില്ലിന്റ നിറങ്ങളും മയില്‍ നൃത്തമൊരുക്കുന്ന നിറക്കാഴ്ചയും അവര്‍ ആസ്വദിക്കും പോലെ ആരും ആസ്വദിക്കില്ല പ്രകൃതിയെയും മണ്ണിനെയും അറിയാന്‍ അവരെ പഠിപ്പിക്കാന്‍ ആരും തയ്യാറല്ല. ബോണ്‍സായി ആക്കി മാറ്റാന്‍ മത്സരിക്കുന്ന രക്ഷിതാക്കള്‍ വലിയ ശാപം തന്നെ. ഇവിടെയൊക്കെ ഈ നോവല്‍ കടന്നു ചെല്ലുന്നു. അതിനൊക്കെ ഓരോയിടവും യുക്തമായ ഭാഷയില്‍ ഈ നോവല്‍ സംവദിക്കുന്നു

                                ചെറുകഥകള്‍ എഴുതുന്ന സോണിയയെ ഏറെ നാളായി അറിയാം. ബിംബകല്‍പ്പനകളും ഫാന്റസിയും ശാസ്ത്രത്തിന്റെ മേമ്പൊടിയുമൊക്കെ ചേര്‍ന്ന കഥകള്‍. പക്ഷേ നോവലിസ്റ്റ് സോണിയ കുറെ വേറിട്ടു നില്‍ക്കുന്നു. ഭാഷ ഏവരും ഉള്‍ക്കൊളളുന്നതായിരിക്കുന്നു. തങ്കിയമ്മക്ക് അവരുടെ ഭാഷ, വിനിതിന് അയാളുടെ ഭാഷ, ജനാര്‍ദ്ദനന് മറ്റൊന്ന് അങ്ങനെ. അങ്കുവാമക്ക് പോലും ഒരു ഭാഷ പതിച്ചു നല്‍കിയിരിക്കുന്നു.
                                പ്രകൃതിയെ വീഡിയോ ഗെയിമിലേക്ക് പറിച്ചു നട്ടെങ്കിലും പുതു തലമുറയെ മണ്ണിന്റെ ഗന്ധമറിയിക്കണമെന്ന സന്ദേശം ഇതിലുണ്ട്. ഒരു പക്ഷേ പ്രായോഗികമായ മാര്‍ഗ്ഗം ഇതുമാകാം. ജെ സി ബി ശരീരവും മനസും ഒന്ന് ചേര്‍ന്ന് വികസനമെന്ന മായക്കണ്ണാടി കാട്ടി ആവാസ വ്യവസ്ഥയെ പിഴുതെറിയുമ്പോള്‍ മറ്റെന്താണ് കഴിയുക? മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതും പുതു സെലിബ്രിറ്റി ആവാനുള്ള മികച്ച മാര്‍ഗ്ഗമെന്ന് ചിന്തിക്കുന്ന ഒരു തലമുറയെ സോണിയ സമര്‍ത്ഥമായി വരച്ചു കാട്ടുന്നുണ്ടിതില്‍.
                                 വായന കഴിഞ്ഞാലും നമ്മെ ‘ഹോണ്ട് ‘ ചെയ്യുന്ന ഒട്ടേറെ വാക്യങ്ങളും മുഹൂര്‍ത്തങ്ങളും ഉണ്ടിതില്‍. വായനക്കാരനെ അവ വിടാതെ പിന്തുടരും. ഒരു കൃതി വിജയിച്ചു എന്ന് ഉദ്‌ഘോഷിക്കാന്‍ ഇതില്‍പ്പരം തെളിവുകള്‍ വേറേ വേണ്ടതില്ല!

2 comments:

  1. വായന കഴിഞ്ഞാലും നമ്മെ ‘ഹോണ്ട് ‘
    ചെയ്യുന്ന ഒട്ടേറെ വാക്യങ്ങളും മുഹൂര്‍ത്തങ്ങളും
    ഉണ്ടിതില്‍. വായനക്കാരനെ അവ വിടാതെ പിന്തുടരും.
    ഒരു കൃതി വിജയിച്ചു എന്ന് ഉദ്‌ഘോഷിക്കാന്‍ ഇതില്‍പ്പരം
    തെളിവുകള്‍ വേറേ വേണ്ടതില്ല!

    ReplyDelete
  2. ഏറെ നാളുകൾക്ക് ശേഷം വായിച്ച് മതിമറന്ന് ഇരുന്നുപോയ ഒരു പുസ്തകം. മൂന്ന് ദിവസം കൊണ്ട് വായിച്ച്തീർത്തു. റഷീദലി വെട്ടിയെറിഞ്ഞ കാവ് ഓരോ വായനക്കാരൻറെയും മനസ്സിൽ പൂർവാധികം കരുത്തോടെ വേര് പിടിച്ച്കഴിഞ്ഞു. ഹൈസ്കൂൾ സിലബസ്സിൽ ഉൾപ്പെടുത്തേണ്ട പുസ്തകം. വിദ്യാലയങ്ങളിൽ ചർച്ചയെങ്കിലും ആകണം ഈ പുസ്തകം. സോണിയ റഫീക്കിന് ആശംസകൾ.

    ReplyDelete